Friday, March 24, 2017

കുട്ടികൾ പറയുന്നു: ഇതും വിദ്യാഭ്യാസം

Wednesday 22 March 2017 10:02 PM IST
എരുമേലി ∙ വിദ്യാഭ്യാസമെന്നാൽ സാങ്കേതിക പരിജ്ഞാനമല്ലെന്ന് അവർക്കറിയാമായിരുന്നു. സാമൂഹികസേവനം ജീവിതത്തിന്റെ അവിഭാജ്യഘടകമെന്നു തിരിച്ചറിഞ്ഞ് അവർ സർക്കാർ ആശുപത്രിയിലും മാലിന്യം കുന്നുകൂടിയ പഞ്ചായത്തുവക പ്ലാന്റിലും മണിക്കൂറുകൾ ചെലവിട്ട് ശുചീകരണത്തിനു വലിയ മാതൃകയായി. ബിലീവേഴ്സ് ചർച്ച് ഉടമസ്ഥതയിലുള്ള പെരുനാട് കാർമൽ എൻജിനീയറിങ് കോളജിലെ എൻഎസ്എസ് യൂണിറ്റ് വിദ്യാർഥികളാണ് ഒരാഴ്ച നീണ്ടുനിൽക്കുന്ന സേവനപ്രവർത്തനങ്ങളുടെ ഭാഗമായി എരുമേലി സർക്കാർ ആശുപത്രിയിലും കവുങ്ങുംകുഴി മാലിന്യ സംസ്കരണ പ്ലാന്റിലുമെത്തി ശുചീകരണ ജോലികൾ ചെയ്തത്.

ആശുപത്രിയിലെ കേടായ ഉപകരണങ്ങൾ, കട്ടിലുകൾ എന്നിവയുടെ അറ്റകുറ്റപ്പണി നടത്താൻ എൻജിനീയറിങ് കുട്ടികൾക്കു വലിയ കഷ്ടപ്പാട് വേണ്ടിവന്നില്ല. ഒടിഞ്ഞുതൂങ്ങിയ കട്ടിലുകളും കസേരകളുമൊക്കെ അവർ നിഷ്പ്രയാസം നന്നാക്കിയെടുത്തു. മാത്രമല്ല, പെയിന്റ് ചെയ്ത് അവ മനോഹരമാക്കുകയും ചെയ്തു. ആശുപത്രി പരിസരവും വെടിപ്പാക്കി. പഞ്ചായത്തുവക മാലിന്യസംസ്കരണ പ്ലാന്റിൽ കഴിഞ്ഞ ശബരിമല സീസൺ മുതലുള്ള മലിനവസ്തുക്കൾ കെട്ടിക്കിടക്കുകയാണ്.

ടൺ കണക്കിനു മലിന വസ്തുക്കൾക്കിടയിലൂടെ നടന്ന് അവർ ജൈവ, പ്ലസ്റ്റിക് മാലിന്യങ്ങൾ വേർതിരിച്ചു. പ്രത്യേകം കയ്യുറ ധരിച്ചായിരുന്നു വേർതിരിക്കൽ. പ്രോഗ്രാം ഓഫിസർമാരായ കിരൺ കൃഷ്ണൻ, സുമേശൻപിള്ള, വൊളന്റിയർ സെക്രട്ടറി ജയ്സൺ, ടൈറ്റസ്, അൻസു, അഞ്ജലി റോബിൻ എന്നിവരുടെ നേതൃത്വത്തിൽ 80 വിദ്യാർഥികൾ പങ്കെടുത്തു. ആശുപത്രി സേവനങ്ങളിൽ ഹെൽത്ത് സൂപ്പർവൈസർ എം.വി. ജോയി നേതൃത്വം നൽകി. ക്യാംപ് പാലാ സെന്റ് ജോസഫ് എൻജിനീയറിങ് കോളജ് എൻഎസ്എസ് പ്രോഗ്രാം ഓഫിസർ ബാബു ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
 http://localnews.manoramaonline.com
കുട്ടികൾ പറയുന്നു: ഇതും വിദ്യാഭ്യാസം Wednesday 22 March 2017 10:02 PM IST by സ്വന്തം ലേഖകൻ ...

Read more at: http://localnews.manoramaonline.com/kottayam/local-news/2017/03/22/kk-college.html

No comments: