Thursday, December 01, 2016



അമിത വേഗതയിൽ വാഹനങ്ങൾ പായുന്നു; ഇരയായത് ഓട്ടോ ഡ്രൈവറുടെ ജീവൻ മുക്കൂട്ടുതറ: എരുമേലിയിലെ മലമ്പാതയിലൂടെ വാഹനങ്ങൾ അമിത വേഗതയിൽ പാഞ്ഞതിന്റെ രക്തസാക്ഷിയായത് ഓട്ടോ ഡ്രൈവറായ യുവാവ്. അമിതവേഗതയും അപകടകരമായ ഓവർടേക്കിംഗും നിയന്ത്രിച്ചില്ലെങ്കിൽ ഇനിയും റോഡ് ചോരക്കളമായി മാറുമെന്ന് നാട്ടുകാർ.

ഇന്നലെ മുക്കൂട്ടുതറയ്ക്ക് സമീപം 35–ാം ജംഗ്ഷനിൽ ഓട്ടോറിക്ഷാ ഡ്രൈവർ പ്രപ്പോസ് സ്വദേശി കുന്നുപുറത്ത് ജോമോനാണ് അപകടത്തിൽ മരിച്ചത്. ജോമോൻ ഓടിച്ചിരുന്ന ഓട്ടോറിക്ഷയിൽ എതിരെ ശബരിമല തീർഥാടകരുമായി വന്ന കാർ പാഞ്ഞുകയറുകയായിരുന്നു. ട്രാഫിക് നിയമങ്ങൾ പാലിച്ച് വാഹനമോടിച്ചാൽ പോലും അപകടം എതിരെ പാഞ്ഞെത്തുന്നത് തീർഥാടന കാലത്ത് പതിവ് കാഴ്ചയായി മാറുകയാണ്.

മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുമ്പോൾ എതിരെ വാഹനങ്ങൾ വരുന്നില്ലെന്ന് ഉറപ്പ് വരുത്തണം. മറുവശം കാണാനാവാത്ത വളവുകളിലാണ് യാതൊരുവിധ ശ്രദ്ധയുമില്ലാതെ അമിതവേഗതയിൽ വാഹനങ്ങൾ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നത്. കാഴ്ച ശബരിമല പാതകളിൽ ഓരോ വളവുകളിലും കാണാം. പരിചയമില്ലാത്ത പാതയിൽ ഇതര സംസ്ഥാന വാഹനങ്ങൾ നാട്ടിലെ ചിരപരിചിതമായ വാഹനങ്ങളേക്കാൾ പതിൻമടങ്ങ് വേഗതയിലാണ് പായുന്നത്.

ഗതാഗത സുരക്ഷാ വിഭാഗത്തിന്റേയും മോട്ടോർ വാഹന വകുപ്പിന്റേയും റോഡ് സേഫ് സോണിന്റെയും പോലീസിന്റെയും 25 ഓളം വാഹനങ്ങൾ ദിവസവും വാഹനവേഗത നിയന്ത്രിക്കാനായി ശബരിമല പാതയിൽ പട്രോളിംഗ് നടത്തുന്നുണ്ട്. എന്നാൽ ഇതെല്ലാം മറികടന്നാണ് ചെങ്കുത്തായ ഇറക്കവും ദുർഘടമായ കയറ്റങ്ങളും ക്ലേശകരമായ വളവുകളും നിറഞ്ഞ കണമല റോഡിലൂടെ വാഹനങ്ങൾ പാഞ്ഞുകൊണ്ടിരിക്കുന്നത്.

ഇന്നലെ അപകടത്തിൽ കാറിടിച്ച് ഓട്ടോറിക്ഷ റോഡരികിലെ കരിങ്കൽകൂട്ടത്തിലേക്കാണ് തെറിച്ചുവീണത്. അമിതവേഗതയിൽ കാർ സഞ്ചരിച്ച് പാഞ്ഞുവന്ന് ഇടിച്ചതിന്റെ ആഘാതമാണ് ഓട്ടോറിക്ഷ ദൂരേക്ക് തെറിച്ചുപോകാൻ കാരണമായത്. അപകടങ്ങൾ പൂർണമായി ഇല്ലാതാക്കി വാഹനങ്ങളുടെ അമിതവേഗതയ്ക്ക് കടിഞ്ഞാണിട്ടില്ലെങ്കിൽ ഇന്നലെ ഓട്ടോ ഡ്രൈവറുടെ ജീവനും സ്വപ്നങ്ങളും പൊലിഞ്ഞതുപോലെ ഇനിയും നിരപരാധികൾ ഇരകളായി മാറുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നു. - See more at: http://www.deepika.com

No comments: