Wednesday, November 23, 2016



എരുമേലി വഴി അയ്യപ്പഭക്തരുടെ കാനനയാത്രയ്ക്ക് രാത്രിയിൽ നിരോധനം എരുമേലി: ഇരുമ്പൂന്നിക്കരകോയിക്കക്കാവ് വഴി ശബരിമല തീർഥാടകർ കാനനയാത്ര നടത്തുന്നത് രാത്രിയിൽ തടയാൻ വനംവകുപ്പ് നടപടികൾ ആരംഭിച്ചു. ആനകളുൾപ്പെടെ കാട്ടുമൃഗങ്ങളെ വഴിയിൽ കണ്ടതിനെ തുടർന്നാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. വൈകുന്നേരം അഞ്ചോടെ കാനനപാതയുടെ പ്രവേശനകവാടമായ കോയിക്കക്കാവിലെ ചെക്ക് പോസ്റ്റിൽ അയ്യപ്പഭക്തരെ തടയും. ഇവിടെ ഭക്തർക്ക് വിശ്രമിക്കുവാൻ വനം വകുപ്പ് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.

അഞ്ച് മണിക്ക് മുമ്പ് ഇതുവഴി പുറപ്പെടുന്ന അയ്യപ്പഭക്തരെ കാളകെട്ടിയിൽ തടഞ്ഞ് വിശ്രമിക്കുവാൻ അനുവദിക്കും. പകൽ മാത്രമാണ് യാത്ര അനുവദിക്കുക. ഇതിനായി വനംവകുപ്പും പോലീസ്, റവന്യുവകുപ്പും ചേർന്നാണ് നടപടികൾ സ്വീകരിച്ചിരിക്കുന്നത്. എരുമേലിയിൽ നിന്നു ശബരിമലയിലേക്കുള്ള പ്രധാനമായ പരമ്പരാഗത പാതയാണിത്. ഇത്തവണ മുൻകാലങ്ങളെ അപേക്ഷിച്ച് തീർഥാടനകാലം ആരംഭിച്ചപ്പോൾ തന്നെ കാനനപാതയിലൂടെ തീർഥാടകരുടെ തിരക്ക് വർധിച്ചിരിക്കുകയാണ്. കൊടും വനത്തിലൂടെ കടന്നുപോകുന്ന പാതയിൽ കടകളും ചികിത്സാ ക്രമീകരണങ്ങളും ആയിട്ടില്ല. പാതയിൽ തിരക്കേറുന്നത് മകരവിളക്ക് സീസണിലാണ്. അപ്പോഴാണ് വന്യമൃഗങ്ങളുടെ സാന്നിധ്യം ഒഴിവാകുന്നത്. ഇത്തവണ നേരത്തെ അയ്യപ്പഭക്തരുടെ ചെറുസംഘങ്ങൾ എത്തിതുടങ്ങിയത് അപകടസാദ്ധ്യത ഉയർത്തിയിട്ടുണ്ടെന്ന് വനപാലകർ പറയുന്നു - : www.deepika.com.

No comments: