Thursday, November 24, 2016



എരുമേലിയിലെ കടകളിൽ അമിതനിരക്ക് അനുവദിക്കില്ല ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും നിർദേശം
എരുമേലിമണ്ഡല മകരവിളക്ക് സീസണിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിൽ അമിതനിരക്ക് ഈടാക്കുന്നതു തടയണമെന്ന് ആർഡിഒ രാംദാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കർശന നിർദേശം. ശുചിമുറികൾ, പാർക്കിങ് മൈതാനങ്ങൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലെ നിരക്കു സംബന്ധിച്ചാണു വ്യക്തത ഉറപ്പാക്കിയത്. ദേവസ്വം ബോർഡിനു കീഴിലുള്ള ശുചിമുറികളിൽ കുളിക്കാൻ 10 രൂപയും കക്കൂസിന് അഞ്ചു രൂപയും ഈടാക്കാനാണു നിർദേശം. സ്വകാര്യ ശുചിമുറികളിൽ നിരക്ക് നിലവാര പരിശോധനയ്ക്കു ശേഷം തീരുമാനിക്കും. നിരക്ക് എഴുതി പ്രദർശിപ്പിക്കണം. ശുചിമുറി മാലിന്യം തോട്ടിലേക്ക് ഒഴുക്കുന്നതിനെതിരെ കർശന നടപടി എടുക്കും. ആരോഗ്യം, റവന്യു, പൊലീസ് വകുപ്പുകൾ ചേർന്ന് പരിശോധനകൾ നടത്തണം.

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ആർഡിഒ നിർദേശം നൽകി. ഹോട്ടലുകളിൽ അളവ് തൂക്കം പാലിക്കണം. എരുമേലിയുമായി ബന്ധപ്പെട്ട യോഗങ്ങളിൽ വ്യാപാരി പ്രതിനിധികളെ പങ്കെടുപ്പിച്ചില്ലെന്ന് ആക്ഷേപമുണ്ടായി. എരുമേലിയിൽ ചില കച്ചവടക്കാർ പകൽക്കൊള്ള നടത്തുകയാണെന്ന് പൊലീസ് ആരോപിച്ചു. കെഎസ്ആർടിസിക്ക് പ്രത്യേകം അനുവദിച്ച മൈതാനത്തെ നിർദിഷ്ട സ്ഥലം മാർക്ക് ചെയ്തു കൊടുക്കാൻ പഞ്ചായത്തിന് നിർദേശം നൽകി. നടപ്പാതയിലേക്ക് ഇറക്കിയുള്ള കച്ചവടം അനുവദിക്കില്ല. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഭക്ഷണ സാധനങ്ങൾക്ക് ഈടാക്കുന്ന വില എരുമേലിയിലും അനുവദിക്കണമെന്നു വ്യാപാരികൾ ആവശ്യപ്പെട്ടു. യോഗത്തിൽ അഡീഷനൽ തഹസിൽദാർ ജിമ്മി ഏബ്രഹാം, ദേവസ്വം അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ പി.എൻ.ശ്രീകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ മോൾ, എസ്ഐ: ജർലിൻ സ്കറിയ, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് മുജീബ് റഹ്മാൻ, മനോജ് എസ്.നായർ, സജി അത്തിമൂട്, സജി നീലാഞ്ജനം, ജയ്മോൻ മങ്ങാട്ട് എന്നിവർ പങ്കെടുത്തു
manoramaonline.com

No comments: