Wednesday, November 23, 2016



കണമല ഇറക്കത്തിൽ അപകടം; തീർഥാടക ബസ് ക്രാഷ് ബാരിയറിൽ ഇടിച്ചു








കണമല ഇറക്കത്തിൽ അപകടം; തീർഥാടക ബസ് ക്രാഷ് ബാരിയറിൽ ഇടിച്ചു കണമല: അമിതവേഗത്തിൽ കണമല ഇറക്കത്തിൽ സഞ്ചരിച്ച ശബരിമല തീർഥാടക ബസ് മുന്നിൽ പോയ ടെമ്പോ ട്രാവലറിന്റെ പുറകിൽ ഇടിച്ചതിന് ശേഷം നിയന്ത്രണം തെറ്റി ക്രാഷ് ബാരിയറിൽ ഇടിച്ചു നിന്നു. ആർക്കും പരിക്കുകളില്ല. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം. ബ്രേക്ക് തകരാറായതാണ് കാരണമെന്ന് അപകടത്തിൽപ്പെട്ട മിനിബസിന്റെ ഡ്രൈവർ പറയുന്നു. എന്നാൽ അമിതവേഗത്തിൽ ഇറക്കം ഇറങ്ങിയതുമൂലം നിയന്ത്രണം തെറ്റിയതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ പറയുന്നു.

ഇടിയുടെ ആഘാതത്തിൽ ക്രാഷ്ബാരിയറിന്റെ ഏതാനും ഭാഗം തകർന്നു. ടെമ്പോ ട്രാവലറിന് സാരമായ കേടുപാടുകൾ സംഭവിച്ചു. അപകടമേഖലയായ അട്ടിവളവിന് തൊട്ടുമുമ്പുള്ള ഹമ്പിൽവച്ചാണ് മിനി ബസ് നിയന്ത്രണം തെറ്റി അപകടത്തിൽപ്പെട്ടത്. ശബരിമല ദർശനത്തിന് പോവുകയായിരുന്ന തമിഴ്നാട് സ്വദേശികളാണ് ബസിൽ ഉണ്ടായിരുന്നത്. പോലീസ് സ്ഥലത്തെത്തിയിരുന്നു.

മുൻകാല ശബരിമല സീസണുകളിൽ തുടർച്ചയായി അപകടങ്ങൾ സംഭവിച്ചതിനെ തുടർന്നാണ് ഇവിടെ സുരക്ഷയ്ക്കായി ക്രാഷ് ബാരിയറുകൾ ഇറക്കമപ്പാടെ സ്ഥാപിച്ചത്. ക്രാഷ് ബാരിയറിൽ ഇടിച്ച് മിനി ബസ് നിന്നില്ലായിരുന്നുവെങ്കിൽ വൻദുരന്തം സംഭവിക്കുമായിരുന്നുവെന്ന് വാർഡംഗം അനീഷ് വാഴയിൽ പറഞ്ഞു - www.deepika.com

No comments: