Thursday, November 17, 2016



എരുമേലി തീർഥാടന കാലത്തു സേവനപ്രവർത്തനങ്ങളുമായി മലയാള മനോരമയും. എരുമേലിയിൽ എത്തുന്ന അയ്യപ്പഭക്തർക്കായി മനോരമയുടെ വിരിപ്പന്തൽ കെഎസ്ആർടിസി ഡിപ്പോയിൽ തുറന്നു. പട്ടണശുചീകരണം നടത്തുന്ന 125 വിശുദ്ധി സേനാംഗങ്ങൾക്കു മനോരമ യൂണിഫോം വിതരണം ചെയ്തു.

ലക്ഷക്കണക്കിനു തീർഥാടകർ എത്തുന്ന എരുമേലിയിൽ കെഎസ്ആർടിസി ഡിപ്പോയിൽ വിശ്രമകേന്ദ്രം ഉണ്ടെങ്കിലും സീസണിൽ സ്ഥലപരിമിതിമൂലം ഭക്തർക്ക് ഉണ്ടാവുന്ന വിഷമം പരിഹരിക്കാൻ ഉതകുന്നുതാണു വിരിപ്പന്തൽ. ബസ് കാത്തിരിക്കാനും കിടക്കാനും വിശ്രമിക്കാനും സാധ്യമാവും വിധമാണു വിരിപ്പന്തലിന്റെ നിർമാണം. വിരിപ്പന്തൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ പി.എൻ.ശ്രീകുമാർ, ജമാ അത്ത് പ്രസിഡന്റ് പി..ഇർഷാദ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.

എടിഒ ജയിംസ് വി.കോയിപ്പള്ളി, കൺട്രോളിങ് ഇൻസ്പെക്ടർ എം.ജി.രവീന്ദ്രൻ നായർ, മനോരമ സർക്കുലേഷൻ ഇൻസ്പെക്ടർ അനീഷ് തോമസ്, കെ.എച്ച്.ഫൈസൽ എന്നിവർ പങ്കെടുത്തു. തമിഴ്നാട്ടിൽനിന്ന് എത്തിയ വിശുദ്ധി സേനാംഗങ്ങൾക്കു രണ്ടുവീതം ടീഷർട്ടുകളാണു യൂണിഫോം ആയി നൽകിയിരിക്കുന്നത്. ഇവ ധരിച്ചാകും വിശുദ്ധി സേന ശുചീകരണത്തിൽ ഏർപ്പെടുക. വിശുദ്ധി സേനയെ തിരിച്ചറിയാനും യൂണിഫോം ഉപകരിക്കും. വിതരണം പി.സി.ജോർജ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മനോരമയുടെ പ്രവർത്തനങ്ങളിൽ സാമൂഹിക പ്രതിബദ്ധതയുണ്ടെന്നു പി.സി.ജോർജ് പറഞ്ഞു.

യൂണിഫോം നൽകിയതിനെ എംഎൽഎ അഭിനന്ദിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അന്നമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. അംഗം പി.കെ.അബ്ദുൽകരിം, പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.കൃഷ്ണകുമാർ, ഡിഎംഒ ജേക്കബ് വർഗീസ്, ഹെൽത്ത് സൂപ്പർവൈസർ എം.വി.ജോയി, സർക്കുലേഷൻ ഇൻസ്പെക്ടർ അനീഷ് തോമസ് എന്നിവർ പ്രസംഗിച്ചു

                                    (manoramaonline.com )

No comments: