Thursday, November 17, 2016



വികസനക്കുതിപ്പിന്റെ റൺവേയിൽ എരുമേലി എരുമേലി: എരുമേലിക്ക് സമീപം വിമാനത്താവളം നിർമിക്കാനുള്ള പദ്ധതിക്ക് കേന്ദ്രവ്യോമയാന വകുപ്പിന്റെ പച്ചക്കൊടി ലഭിച്ചതോടെ എരുമേലിയും സമീപ പ്രദേശങ്ങളും വൻ വികസനക്കുതിപ്പിന് ഒരുങ്ങുകയാണ്.

വിമാനത്താവളത്തിന്റെ തുടർ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് തടസം സ്ഥലം ഏറ്റെടുക്കൽ മാത്രമാണ്. എരുമേലിക്ക് തൊട്ടടുത്ത് 2263 ഏക്കർ വ്യാപ്തിയുള്ള ചെറുവള്ളി എസ്റ്റേറ്റാണ് വിമാനത്താവളം നിർമിക്കാൻ ഏറ്റവും അനുയോജ്യമെന്ന് അറിയിച്ച് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രവ്യോമയാന മന്ത്രിയെ കണ്ടു ചർച്ച നടത്തി.

സ്ഥലം ഏറ്റെടുത്താൽ എൻഒസി നൽകാമെന്നാണ് കേന്ദ്രമന്ത്രി ഉറപ്പ് നൽകിയിരിക്കുന്നത്. വിവാദങ്ങളിൽ കുരുങ്ങിയതുമൂലം ആറന്മുള വിമാനത്താവള പദ്ധതി ഒഴിവാക്കപ്പെട്ടതോടെയാണ് എരുമേലിക്ക് സാധ്യത തെളിഞ്ഞത്. നിർമാണത്തിന് ആവശ്യമായ തുകയത്രയും പലിശയില്ലാ വായ്പയായി നൽകാമെന്ന് വിദേശമലയാളി സംഘടനകൾ കേരള സർക്കാരിനെ അറിയിച്ചതാണ് അനുകൂലഘടകമായിരിക്കുന്നത്. ഒപ്പം വിമാനത്താവള സാധ്യതാ പഠനത്തിൽ പത്തനംതിട്ട ജില്ലയിലെ തോട്ടം മേഖലയേക്കാൾ അനുയോജ്യവും നിർമാണചെലവ് കുറഞ്ഞതും പരിസ്ഥിതി ആഘാതമില്ലാത്തതുമായ പ്രദേശമായത് എരുമേലിക്ക് ഗുണമായി.

മണ്ണിന്റെ ഉറപ്പും ഭൂപ്രദേശത്തിന്റെ സുരക്ഷിതത്വവും എരുമേലിയിൽ അനുകൂല ഘടകമാണ്. ചെറുവള്ളി എസ്റ്റേറ്റിൽ വൻമലകളും ചെറിയ കുന്നുകളും ഇല്ലാത്ത സമതലപ്രദേശമായതും പമ്പ, അഴുത, മണിമല ആറുകളുടെ സാന്നിധ്യവും റബർത്തോട്ടം മാത്രമായതും നിർമാണം എളുപ്പമാക്കുമെന്നാണ് സാധ്യതാ പഠനത്തിൽ കണ്ടെത്തിയത്. എരുമേലി വിമാനത്താവളം യാഥാർഥ്യമാകുന്നതോടെ കോട്ടയം ജില്ലയിൽ കോട്ടയം കഴിഞ്ഞാൽ പ്രധാന ടൗണായി എരുമേലി മാറും. ഒപ്പം ദേശീയ പാതകളായി റോഡുകൾ മാറും.

വിദേശമലയാളികൾ ഇന്ത്യയിൽ ഏറ്റവും അധികം അധിവസിക്കുന്ന പത്തനംതിട്ട ജില്ലയ്ക്ക് 30 കിലോമീറ്റർ അടുത്താണ് നിർദിഷ്ട വിമാനത്താവളം. യൂറോപ്യൻ രാജ്യങ്ങളിൽ ഉൾപ്പെടെ വിദേശങ്ങളിൽ ജോലി ചെയ്യുന്നവർ കോട്ടയം ജില്ലയിൽ നിരവധിയാണ്. ഇടുക്കി ജില്ലയ്ക്കും പെട്ടെന്ന് ആശ്രയിക്കാവുന്ന തൊട്ടടുത്തുള്ള സ്ഥലം കൂടിയാണ് എരുമേലി. ഓരോ വർഷവും ശബരിമലയിൽ എത്തുന്ന അയ്യപ്പഭക്തരുടെ യാത്രാദുരിതം കുറയ്ക്കാനും നിർദിഷ്ട വിമാനത്താവളം ഉപകരിക്കും. തിരുവനന്തപുരം വിമാനത്താവളത്തിലേക്കുള്ള ദീർഘദൂരയാത്രയും നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള യാത്രയിലെ ഗതാഗതക്കുരുക്കും എരുമേലിയിൽ വിമാനത്താവളമാകുന്നതോടെ ഒഴിവാകും.

കെ.പി. യോഹന്നാന്റെ ഉടമസ്ഥതയിലുള്ള ബിലീവേഴ്സ് ചർച്ചിന്റെ ചെറുവള്ളി എസ്റ്റേറ്റ് അനധികൃത ഭൂമിയാണെന്ന് ആരോപിച്ച് ഏറ്റെടുക്കാൻ സർക്കാർ നടത്തിയ ശ്രമങ്ങൾ കോടതികളിൽ നീളുകയും, ഒടുവിൽ എസ്റ്റേറ്റ് അധികൃതർക്ക് അനുകൂലമായ വിധി ലഭിക്കുകയും ഇത് തർക്കത്തിലാവുകയും ചെയ്തിരുന്നു. വിമാനത്താവളത്തിന് എസ്റ്റേറ്റ് വിട്ടുകൊടുക്കാൻ ബിലീവേഴ്സ് ചർച്ച് തയാറായതോടെ ചർച്ചിന് നിശ്ചിത ഓഹരി പങ്കാളിത്തവും വിദേശമലയാളികൾക്കും സർക്കാരിനും പ്രാതിനിധ്യവും നൽകിയാണ് പദ്ധതി നടപ്പിലാക്കുവാൻ ധാരണയായിരിക്കുന്നത് 
                                                                                                                              (deepika.com)

No comments: