Saturday, November 19, 2016


എരുമേലി വിമാനത്താവള പദ്ധതി വിവാദക്കുരുക്കിലാകുമോയെന്ന് ആശങ്ക

എരുമേലി: ആറന്മുളയിൽ സംഭവിച്ചതുപോലെ എരുമേലി വിമാനത്താവള പദ്ധതിയും വിവാദങ്ങളിൽ കുരുങ്ങി നഷ്ടപ്പെടുമോയെന്ന് നാട്ടുകാരിൽ പരക്കെ ആശങ്ക. ആറന്മുളയിൽ പൈതൃകഗ്രാമവും പരിസ്ഥിതി പ്രശ്നങ്ങളുമാണ് കാരണമായതെങ്കിൽ എരുമേലിയിൽ പ്രശ്നങ്ങളൊന്നുമില്ല. എന്നാൽ, വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത് എരുമേലിയിൽ വിമാനത്താവളത്തിനായി തെരഞ്ഞെടുത്ത ചെറുവള്ളി എസ്റ്റേറ്റാണ്.

എസ്റ്റേറ്റിനെച്ചൊല്ലി സർക്കാരും ബിലീവേഴ്സ് ചർച്ചും തമ്മിലുള്ള ഉടമസ്ഥാവകാശ തർക്കമാണ് പ്രശ്നം. കൂടാതെ പദ്ധതിയുടെ പിതൃത്വത്തെ ചൊല്ലിയുണ്ടായിരിക്കുന്ന തർക്കങ്ങളും വിവാദം നിറയ്ക്കുന്നു. ഇവ രണ്ടും പദ്ധതിയെത്തന്നെ ഇല്ലാതാക്കിയേക്കുമെന്നാണ് ആശങ്ക.

പി.സി. ജോർജ് എംഎൽഎ പദ്ധതിയെ സ്വന്തം നേട്ടമാക്കി ചിത്രീകരിക്കുന്നെന്നാരോപിച്ച് ഇടതുപക്ഷത്തും ബിജെപിയിലും അസ്വസ്ഥതകൾ രൂക്ഷമാണ്. സ്ഥലം എംപിയായ ആന്റോ ആന്റണി വിഷയത്തിൽ പ്രതികരിച്ചിട്ടുമില്ല. വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് വിട്ടുനൽകാൻ ബിലീവേഴ്സ് ചർച്ച് തയാറാണ്. എന്നാൽ, ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പദ്ധതിയിൽ ചർച്ചിന് ലഭിക്കുന്ന ഓഹരി പങ്കാളിത്തത്തിന്റെ നിരക്കിൽ ധാരണയായാൽ ഔദ്യോഗിക അറിയിപ്പ് പുറത്തുവരും.

എസ്റ്റേറ്റ് അനധികൃത ഭൂമിയാണെന്നാണ് ഇതുവരെ കോടതിയിൽ സർക്കാർ പറഞ്ഞിരുന്നത്. ചർച്ചുമായി ധാരണയായാൽ ഹൈക്കോടതി ഡിവിഷൻബഞ്ചിന്റെ പരിഗണനയിലിരിക്കുന്ന ഉടമസ്ഥാവകാശ തർക്ക കേസിൽ സർക്കാരിന് ഇത് മാറ്റിപ്പറയേണ്ടിവരും. അങ്ങനെ തർക്കം തീർപ്പായാൽ വിമാനത്താവള പദ്ധതിക്ക് തുടക്കമാകും. എന്നാൽ, അനധികൃത ഭൂമി സ്വന്തമാക്കിയെന്നു സർക്കാർ തന്നെ പറഞ്ഞിരുന്ന ബിലീവേഴ്സ് ചർച്ചിന് ഒടുവിൽ ഉടമസ്ഥാവകാശം നൽകിയും ഓഹരി പങ്കാളിത്തവും അനുവദിച്ച് കൂട്ടുനിന്നെന്ന് സർക്കാരിനെതിരേ പരാതികളും ആരോപണങ്ങളും ഉയരും. ഇത് ഒഴിവാക്കണമെങ്കിൽ ബിലീവേഴ്സ് ചർച്ചിനെ നിരുപാധികമായി ഒഴിപ്പിച്ച് എസ്റ്റേറ്റ് കണ്ടുകെട്ടി സർക്കാർ ഏറ്റെടുക്കണം. ഇത് സാധ്യമാകണമെങ്കിൽ കോടതിയിലെ തർക്കം തീർപ്പാക്കി അന്തിമ വിധി സർക്കാരിന് അനുകൂലമായി ഉണ്ടാകണം. ഇതിനായി കാത്തിരുന്നാൽ, വർഷങ്ങളായി തുടരുന്ന തർക്കവും കേസും ഉടനെയെങ്ങും തീർപ്പാകുമെന്നുറപ്പില്ലാത്തതിനാൽ വിമാനത്താവള പദ്ധതി എങ്ങുമെത്താതെ നീണ്ടുപോകും.


എല്ലാ വിഭാഗങ്ങളെയും ഒരുമിച്ചിരുത്തി സമവായം കണ്ടെത്തി പദ്ധതി നടപ്പിലാക്കുന്നതിനാണെങ്കിൽ പ്രായോഗികമായി തടസങ്ങൾ ഏറെയാണ്. ബിലീവേഴ്സ് ചർച്ചിനെ ഉൾപ്പെടുത്തി എസ്റ്റേറ്റ് വിമാനത്താവളമാക്കാനുള്ള പദ്ധതിയാണ് ഇപ്പോൾ സർക്കാരിന്റെ പരിഗണനയിലുള്ളത്. എന്നാൽ, വിവാദങ്ങൾ തുടക്കത്തിൽ തന്നെ നിറഞ്ഞിരിക്കുന്നത് ആറന്മുളപോലെ എരുമേലിയും എങ്ങുമെത്താതെ വിമാനത്താവളം നഷ്ടമാകുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ
                                                                                 
                                                                                                                                          deepika.com      

No comments: