Sunday, November 27, 2016



കാളകെട്ടിയിലെ ശുചിമുറി നിർമാണം എങ്ങുമെത്തിയില്ല


എരുമേലിപരമ്പരാഗത പാതയിലെ കാളകെട്ടിയിൽ ശുചിമുറി യൂണിറ്റുകളുടെ നിർമാണം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതിനിടെ തീർഥാടകർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കരുതെന്ന് ആദിവാസി മലഅരയ വിഭാഗം ആവശ്യപ്പെട്ടു. ശുചിമുറികൾ പ്രവർത്തിച്ചില്ലെങ്കിൽ പരമ്പരാഗത പാത മാലിന്യപൂർണമാവുമെന്ന് യോഗം ആരോപിച്ചു. വർഷങ്ങളായി കാളകെട്ടിയിൽ ശുചിമുറികൾ സീസണിൽ വനസംരക്ഷണസമിതിയുടെ കീഴിൽ നടത്തുന്നത് സ്വകാര്യ വ്യക്തിയാണ്. എന്നാൽ ഇത്തവണ ശുചിമുറികളുടെ നടത്തിപ്പിന് ആദിവാസി വിഭാഗം അവകാശം ഉന്നയിക്കുകയും പി.സി.ജോർജ് എംഎൽഎയുടെ മധ്യസ്ഥതയിൽ നടന്ന യോഗത്തിൽ അവർക്ക് അനുവദിച്ചു കൊടുക്കുകയും ചെയ്തു.എന്നാൽ ഇതിനെതിരെ മുൻവർഷങ്ങളിൽ ശുചിമുറി നടത്തിയ വ്യക്തി കാഞ്ഞിരപ്പള്ളി മുൻസിഫ് കോടതിയെ സമീപിച്ചു.

ഇതേത്തുടർന്ന് ശുചിമുറി നിർമാണ പ്രവർത്തനങ്ങൾ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ആദിവാസി വിഭാഗത്തിലെ ആറുപേർക്ക് ശുചിമുറി നിർമാണ സ്ഥലത്ത് പ്രവേശിക്കുന്നതിനും വിലക്കുണ്ട്. സ്വകാര്യ വ്യക്തി കോടതിയെ തെറ്റിദ്ധരിപ്പിച്ചതാണ് നിർമാണ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാകാൻ ഇടയാക്കിയതെന്ന് ആദിവാസി വിഭാഗം ആരോപിച്ചു. തിരക്കേറിയതോടെ ആയിരക്കണക്കിന് ആളുകളാണ് പരമ്പരാഗതപാതയിലൂടെ ശബരിമലയ്ക്ക് നടന്നു പോകുന്നത്. കാളകെട്ടിയിൽ പ്രാഥമിക സൗകര്യത്തിന് നടപടി ഉണ്ടായില്ലെങ്കിൽ മാലിന്യപ്രശ്നത്തിനു പുറമെ സാംക്രമിക രോഗ സാധ്യതയും ഉണ്ടാവുമെന്ന് ആദിവാസി വിഭാഗം പ്രവർത്തകരായ സതീഷ് ഉറുമ്പിൽ, മോഹനൻ വളകുഴി, രാധാകൃഷ്ണൻ ആലയ്ക്കൽ എന്നിവർ ആരോപിച്ചു
manoramaonline.com

No comments: