Tuesday, November 22, 2016



വിമാനത്താവളം ഭൂമി കൈയേറ്റക്കാരെ സഹായിക്കുന്നതിന്: സമരസമിതി മുണ്ടക്കയം: എരുമേലി ചെറുവള്ളി എസ്റ്റേറ്റിൽ വിമാനത്താവളം നിർമിക്കാനുള്ള നീക്കം ഭൂമി കൈയേറ്റക്കാരെ സഹായിക്കുന്നതിനു വേണ്ടിയാണെന്ന് ടിആർ ആൻഡ് ടീ തോട്ടം സമരസമിതി നേതാക്കൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.

ഹാരിസൺ മലയാളം അനധികൃതമായി കൈവശം വച്ചിരുന്നതും 2004 ബിലീവേഴ്സ് ചർച്ചിന് കൈമാറിയതുമായ ചെറുവള്ളി എസ്റ്റേറ്റ് സർക്കാരിൽ നിക്ഷിപ്തമാക്കാതെ വിമാനത്താവളം നിർമിക്കുവാനുള്ള നീക്കം ടി ആർ ആൻഡ് ടീ, ഹാരിസൺ മലയാളം, എവിടി, ടാറ്റ തുടങ്ങിയ വൻകിട കോർപറേറ്റുകൾ നിയമവിരുദ്ധമായി കൈവശം വയ്ക്കുന്ന ഭൂമി തിരിച്ചുപിടിക്കുന്നതിന് സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികൾ അട്ടിമറിക്കുന്നതിനുവേണ്ടിയാണെന്നും ഇവർ ആരോപിച്ചു.

സർക്കാർ സ്പെഷൽ ഓഫീസർ എം. ജി. രാജമാണിക്യത്തിന്റെ റിപ്പോർട്ടിൽ പരാമർശിച്ച അഞ്ച് ലക്ഷം ഏക്കർ ഭൂമി വൻകിട തോട്ടം ഉടമകൾക്ക് തിരിച്ചു കിട്ടുന്നതിലൂടെ ശതകോടികളുടെ അഴിമതിക്കാണ് വഴിയൊരുങ്ങുന്നത്. 1999 മുതൽ റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന നിവേദിത പി. ഹരനും എം.ജി. രാജമാണിക്യവും ഉൾപ്പെടെ സമർപ്പിച്ച അഞ്ചോളം അന്വേഷണ റിപ്പോർട്ടുകൾ പൂർണമായും സർക്കാരിൽ നിക്ഷിപ്തമാകേണ്ട 2,500 ഏക്കർ വരുന്ന ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവളത്തിന്റെ പേരിൽ ബിലീവേഴ്സ് ചർച്ചിന് വിട്ടുനൽകി ഓഹരി ഉടമയാക്കുന്നതിനും ബാക്കി സ്ഥലത്തിന് നിയമസാധുത നൽകുന്നതിനുമുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്.

ശബരിമല തീർഥാടകർക്ക് വേണ്ടി വിമാനത്താവളം നിർമിക്കാൻ സർക്കാർ ആത്മാർഥമായി ആഗ്രഹിക്കുന്നുവെങ്കിൽ തോട്ടം സർക്കാരിൽ നിക്ഷിപ്തമാക്കണം. സർക്കാർ ഭൂമി കൈയേറി കൈവശം വച്ചവർക്ക് ഓഹരി പങ്കാളിത്തവും ഭൂമിയിൽ നിയമസാധുതയും നൽകി അവരെ വെള്ളപൂശുകയല്ല ചെയ്യേണ്ടതെന്നും ഇവർ പറഞ്ഞു. സർക്കാർ ഒത്തുതീർപ്പുണ്ടാക്കി ഏറ്റെടുക്കുന്നത് നിലവിൽ ഹൈക്കോടതിയിൽ ടിആർ ആൻഡ് ടീ, ഹാരിസൺ മലയാളം തുടങ്ങിയവർക്കെതിരെ നടന്നുവരുന്ന നിയമനടപടികളെ ദുർബലപ്പെടുത്തും.

കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന ഭൂരഹിതർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രാജമാണിക്യം റിപ്പോർട്ടിനെ ദുർബലപ്പെടുത്തുന്ന നടപടിയിൽ നിന്നും സർക്കാർ പിൻമാറണം. കേരളത്തിൽ നടന്നുവരുന്ന വിവിധ ഭൂസമരങ്ങളുമായി ബന്ധപ്പെട്ട സംഘടനകളുടെയും പ്രവർത്തകരുടെയും നേതൃത്വത്തി നടക്കുന്ന ഭൂമി അവകാശ സമ്മേളനത്തിൽ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകും.

അരിപ്പ ഭൂസമരനായകൻ ശ്രീരാ മൻ കൊയ്യോൻ, സമരസമിതി കൺവീനർ പ്രഫ. റോണി കെ. ബേബി, ജനറൽ സെക്രട്ടറി സോമൻ വടക്കേക്കര, ആദിവാസി ദളിത് മുന്നേറ്റ സമിതി സംസ്ഥാന സെക്രട്ടറി രതീഷ് ടി. ഗോപി, വിനു വിജയൻ, എബി മാത്യു, ടി.യു. അൻസാരി, പി.കെ. പാത്തുകുഞ്ഞ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. - .deepika.com/

No comments: