Tuesday, November 15, 2016











തീർഥാടകർക്കായി എരുമേലി ഒരുങ്ങി:നോട്ട് പ്രശ്നത്തിൽ ആശങ്ക എരുമേലി: ഇന്നു വൈകുന്നേരം ശബരിമല നട തുറക്കുന്നതോടെ 41 ദിവസം നീളുന്ന മണ്ഡലകാല ഉത്സവത്തിന് തുടക്കമാകും. എരുമേലിയിലെത്തുന്ന ഭക്തരെ പരമാവധി സഹായിക്കാനായി ഇന്നലെ പോലീസ് കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി. തീർഥാടകർ എത്തിക്കൊണ്ടിരിക്കുകയാണ് എരുമേലിയിൽ.

നിരോധിത കറൻസിയുടെ വിനിമയം പ്രശ്നമായതിനാൽ ഇത്തവണ തീർഥാടകരുടെ വരവിൽ ഗണ്യമായ കുറവുണ്ടായേക്കുമെന്ന ആശങ്കയിലാണ് വ്യാപാരികൾ. ലക്ഷങ്ങൾ തറവാടകയും ലേലത്തുകയും നൽകി കടകളും സ്റ്റുഡിയോകളും പാർക്കിംഗ് ഗ്രൗണ്ടുകളും കംഫർട്ട് സ്റ്റേഷനുകളും കരാറെടുത്തവർ കടുത്ത ആശങ്കയിലാണ്. നിരോധിത കറൻസികൾ 26 വരെ സ്വീകരിക്കുമെന്ന് ദേവസ്വംബോർഡ് അറിയിച്ചതാണ് ആശ്വാസകരമായി ഉള്ളത്.

എന്നാൽ, ഇതിനുശേഷം എന്താണ് പോംവഴിയെന്നു വ്യക്തമായിട്ടില്ല. പുതിയ രണ്ടായിരത്തിന്റെ കറൻസി വാങ്ങിയാൽ ബാക്കിതുക നൽകാൻ ചില്ലറ നോട്ടുകൾ കുറവായത് തീർഥാടനകാല കച്ചവടത്തെ ഗുരുതരമായി ബാധിക്കും. നിരോധിത കറൻസികൾ കാണിക്കയായി എത്തുമെന്നുള്ളതിനാൽ ഡിസംബർ 26ന് കാണിക്ക വഴിപാട് തുകകളെല്ലാം പിൻവലിച്ച് ധനലക്ഷ്മി ബാങ്കിൽ നിക്ഷേപിക്കാനാണ് ദേവസ്വംബോർഡ് തീരുമാനിച്ചിരിക്കുന്നത്. ഇതിനുശേഷവും നിരോധിത കറൻസികൾ വന്നാൽ മാറുന്നതിന് കാലാവധി കിട്ടിയില്ലെങ്കിൽ നശിപ്പിക്കേണ്ടിവരും. ചുരുക്കത്തിൽ നോട്ട് പ്രശ്നം തീർഥാടനകാലത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കരുതുകയാണ് മിക്കവരും
                                                                                                      (- /www.deepika.com.)

No comments: