Monday, November 14, 2016



     എരുമേലി

മതമൈത്രീ സംഗമഭൂമിയിൽ ശരണമന്ത്ര സ്തുതികളുയരാൻ ഇനി ഒരുനാൾ കൂടി ബാക്കി. 41നാൾ നീളുന്ന ശബരിമല മണ്ഡലകാല ഉത്സവകാലം ഇനി എരുമേലിയെ ഭക്തിസാന്ദ്രമാക്കും. ഇതുവരെ ഗ്രാമത്തിന്റെ പരിവേഷമായിരുന്ന എരുമേലി ഇനി പട്ടണമാകും.

ഉറക്കമില്ലാതെ എപ്പോഴും തുറന്നുവച്ചിരിക്കുന്ന കടകൾ, അയ്യപ്പഭക്തരുടെ ശരണം വിളികളും പേട്ടതുള്ളൽ വാദ്യങ്ങളും നിലയ്ക്കാതെ മുഴങ്ങി കൊണ്ടിരിക്കും. രാവും പകലും മണിക്കൂറുകളുടെ ഇടവേളകളിൽ ചപ്പുചവറുകളെല്ലാം വാരി മാറ്റി വൃത്തിയാക്കുന്ന തൊഴിലാളികൾ, റോഡ് നിറഞ്ഞ് നീങ്ങുന്ന പേട്ടതുള്ളൽ സംഘങ്ങൾ, ഇവർക്കിടയിലൂടെ പേട്ടതുള്ളൽ നടത്താനായി തിരക്കിട്ട് നടന്നുപോകുന്ന ഭക്തർ. എല്ലാത്തിനുമിടയിൽ വാഹനങ്ങൾ ഇഴഞ്ഞു നീങ്ങുന്ന കാഴ്ച.

രാത്രിയിലും പകലും ജാഗരൂകരായി റോഡിന്റെ മുക്കിലും മൂലയിലുമെല്ലാം കാവൽ നിൽക്കുന്ന പോലീസുകാർ. വഴിവക്കിലെല്ലാം കടകമ്പോളങ്ങൾ രാത്രിയെ പകലാക്കി എല്ലായിടവും വെളിച്ച വിളക്കുകൾ. തിൻമയെ നിഗ്രഹിച്ചു നൻമ പുനഃസ്ഥാപിച്ചതിന്റെ മഹീഷി നിഗ്രഹ സ്മരണയാണ് പേട്ടതുള്ളൽ. നഗ്നപാദരായി ഇരുമുടിക്കെട്ടുകൾ ചുമന്ന് മോഷം തേടിയെത്തുന്ന ഭക്തരുടെ ഇടത്താവളമാണ് എരുമേലി. ഇരുമുടിക്കെട്ടുകൾ താഴെയിറക്കിവച്ചു മണിക്കൂറുകൾ നീളുന്ന പേട്ടതുള്ളലിനുശേഷം ഓരോ ഭക്തനും വീണ്ടും ഇരുമുടികളുമായി യാത്ര തുടരുന്ന കാഴ്ചയാണ് എരുമേലിയുടെ ആചാരപ്പെരുമ. ലക്ഷക്കണക്കിനു തീർഥാടകർ എത്തുന്ന മണ്ഡലകാലത്തിനു എല്ലാ ഒരുക്കങ്ങളും എരുമേലിയിൽ പൂർത്തിയായിക്കൊണ്ടിരിക്കുകായണ്.


                                                                                                               (www.deepika.com)

No comments: