Monday, November 14, 2016

 


 

തളികപ്പാറയിലെ ഭവനബോർഡിന്റെ സ്ഥലം ദേവസ്വം ബോർഡ് ഏറ്റെടുക്കും

എരുമേലി∙ തളികപ്പാറയിലെ ഭവന ബോർഡിന്റെ സ്ഥലം ഏറ്റെടുക്കാൻ ദേവസ്വം ബോർഡ് തത്വത്തിൽ തീരുമാനിച്ചു. സീസൺ മുന്നൊരുക്കങ്ങളുടെ ഭാഗമായി ദേവസ്വം ബോർഡ് ഉന്നത നേതൃത്വം പട്ടണത്തിൽ സന്ദർശനം നടത്തവെ അംഗം അജയ് തറയിൽ ആണ് ഇക്കാര്യം അറിയിച്ചത്. ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ, അംഗം അജയ് തറയിൽ, ഓംബുഡ്സ്മാൻ പി.ആർ. രാമൻ, കമ്മിഷണർ രാമരാജ പ്രേമപ്രസാദ് എന്നിവർ ഉൾപ്പെടുന്ന സംഘമാണ് ഇന്നലെ രണ്ട് ഘട്ടമായി എരുമേലിയിൽ എത്തിയത്. എരുമേലിയിൽ നിന്നു രണ്ടു കിലോമീറ്റർ അകലെയുള്ള തളികപ്പാറയിൽ ഏഴ് ഏക്കർ സ്ഥലമാണ് ഹൗസിങ് ബോർഡിനുള്ളത്. 1996ൽ വാങ്ങിയ സ്ഥലത്ത് ഇതേവരെ ഭവന നിർമാണ പ്രവർത്തനങ്ങൾ നടന്നിട്ടില്ല.

ഈ സാഹചര്യത്തിലാണ് ഇതരവികസന പ്രവർത്തനങ്ങൾക്കായി സ്ഥലം ഏറ്റെടുക്കാൻ ബോർഡ് നീക്കം നടത്തുന്നത്. എരുമേലി ക്ഷേത്രം കൊടിമരം സ്വർണം പൂശുമെന്നും അമ്പലം ചെമ്പോല പൊതിയുമെന്നും അജയ് തറയിൽ പറഞ്ഞു. ചെമ്പോല പൊതിയാൻ 1.10 കോടി നീക്കിവച്ചിട്ടുണ്ട്. ആലംപള്ളി ഭാഗത്ത് ഓഡിറ്റോറിയം നിർമിക്കും. അയ്യപ്പൻതാരയിൽ കമാനം സ്ഥാപിക്കും. അയ്യപ്പഭക്തർക്കായി ശുചിമുറി അടക്കം ആധുനിക നിലവാരത്തിൽ പ്രാഥമിക സൗകര്യം ഏർപ്പെടുത്തും. എരുമേലി, നിലയ്ക്കൽ, പമ്പ ഉൾപ്പെടുത്തി രാജ്യാന്തര നിലവാരത്തിൽ പാക്കേജ് നടപ്പാക്കുമെന്നും അജയ് പറഞ്ഞു. സീസൺ ക്രമീകരണങ്ങൾ തൃപ്തികരമാണെന്ന് പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു. ചീഫ് എൻജിനീയർ അജിത്കുമാർ, എഇ ഷാജിമോൻ, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ പി.എൻ.ശ്രീകുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു                                                                    
                                                                                                 (manoramaonline.com)

No comments: