Friday, November 18, 2016



എരുമേലിയും ശബരിമല റോഡുകളും ഇരുട്ടിൽ എരുമേലി: ലക്ഷക്കണക്കിനു ശബരിമല തീർഥാടകർ എത്തുന്ന എരുമേലിയിൽ രാത്രിയിൽ വാഹനങ്ങളുടെ വെളിച്ചം മാത്രം ആശ്രയം. എരുമേലി പേട്ടക്കവലയിലും പ്രധാന ശബരിമല പാതയിലും ഇതുതന്നെ സ്ഥിതി.

പേട്ടക്കവലയിൽ ഹൈമാസ്റ്റ് ലൈറ്റുകൾ പ്രകാശിക്കാതായിട്ടു നാളുകളായി. തീർഥാടനകാലമെത്തിയിട്ടും ലൈറ്റുകൾ പ്രകാശിപ്പിച്ചിട്ടില്ല. മുസ്ലിം പള്ളിയും കൊച്ചമ്പലവും വൈദ്യുത അലങ്കാര വിളക്കുകളിൽ നിറഞ്ഞതു മാത്രമാണ് പേട്ടക്കവലയിൽ ആകെയുള്ള വെളിച്ചം.

ദിവസേന നൂറുകണ ക്കിന് യാത്രക്കാരെത്തുന്ന പ്രൈവറ്റ് ബസ് സ്റ്റാൻഡ് സന്ധ്യയാകുന്നതോടെ ഇരുട്ടിലാണ്. വഴിവിളക്കുകൾ ഒന്നുപോലും ഇവിടെ പ്രകാശിക്കുന്നില്ല. ബസ് സ്റ്റാൻഡിൽ ഡ്യൂട്ടിയിലുള്ള പോലീസുകാർ മെഴുകുതിരി വെളിച്ചത്തിലാണ് ഡ്യൂട്ടി ചെയ്യുന്നത്. ഇവിടെ ഡ്യൂട്ടിക്കെത്തുന്ന പോലീസുകാർ കൈവശം മെഴുക് തിരികൾ മാത്രമല്ല, കൊതുകുതിരിയും കരുതേണ്ട സ്ഥിതിയാണ്. പമ്പ കണമല പാതയിലും അനുബന്ധ സമാന്തര പാതകളിലെങ്ങും വഴിവിളക്കുകൾ പ്രകാശിക്കുന്നില്ല.

ശബരിമല തീർഥാടനം ആരംഭിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രധാന ശബരിമല പാതകളിലെങ്ങും ദിശാബോർഡുകളും സ്ഥാപിച്ചിട്ടില്ല. എരുമേലിയിൽ ശബരിമല പാത ആരംഭിക്കുന്ന കരിങ്കല്ലുമൂഴിയിൽ തീർഥാടകർ വഴിതെറ്റുന്ന കാഴ്ച തുടർച്ചയായി. വിവിധ റോഡുകൾ സംഗമിക്കുന്ന മുക്കൂട്ടുതറയിലും എംഇഎസ് കോളജ് ജംഗ്ഷനിലും ഇതേ കാഴ്ചയാണ് പതിവായി മാറിയിരിക്കുന്നത്
                                                                                                                                        deepika.com

No comments: