Tuesday, November 15, 2016



എരുമേലിയുടെ വീഥികൾ ഭക്തിയുടെ നിറങ്ങളിലേക്ക്



വൃശ്ചികം മാലയിട്ട് ഹരിഹരസുതനെ നാളെ വണങ്ങും. എരുമേലിയുടെ മണ്ണിൽ ഇന്നലെ മുതൽ ശരണം വിളികൾ തുടങ്ങി. ആത്മസമർപ്പണത്തിന്റെയും നിരാസക്തിയുടെയും കറുപ്പണിഞ്ഞ രാപകലുകൾക്ക് ഇനി ശരണവീഥികൾ സാക്ഷ്യം വഹിക്കും. എരുമേലി ഇനി രണ്ടു മാസം നിലയ്ക്കാത്ത ശരണം വിളികളിലും പേട്ടതുള്ളൽ ആരവങ്ങളിലും മുഖരിതമാകും. ഒറ്റരാത്രി കൊണ്ടു ഭാവഭേദം സംഭവിച്ചിരിക്കുന്ന പട്ടണത്തിൽ മണ്ഡലകാലത്തെ വരവേൽക്കാനുള്ള മാറ്റങ്ങൾ പലതാണ്. വലിയമ്പലവും കൊച്ചമ്പലവും ചായം പൂശി മിനുക്കിയിരിക്കുന്നു. തീർഥാടകർക്കുള്ള ക്രമീകരണങ്ങൾ ഭംഗിയാക്കാൻ ദേവസ്വം ബോർഡ് അവസാനവട്ട പ്രവർത്തനങ്ങളിലാണ്. പാർക്കിങ് മൈതാനങ്ങൾ വൃത്തിയാക്കിക്കഴിഞ്ഞു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ വലിയതോട് ശുചീകരണം നടത്തി.

മാലിന്യ സംസ്കരണത്തിനു കവുങ്ങുംകുഴി പ്ലാന്റ് സജ്ജമായതായി അധികൃതർ പറഞ്ഞു. കൂടുതൽ പൊലീസ് എരുമേലിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. പൊലീസ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. എരുമേലി പട്ടണം നിറമാർന്നിരിക്കുകയാണ്. സിന്ദൂരവിൽപനശാലകളിൽ പല വർണങ്ങൾ നിറച്ചു വച്ചിരിക്കുന്നതു കാണാം. മറ്റന്നൂർക്കര ഗ്രാമത്തിൽ തയാറാക്കിയ ശരക്കോലുകൾ മിക്ക കടകളിലും അടുക്കിവച്ചിരിക്കുന്നു. ശരക്കോൽ ഉയർത്തിപ്പിടിച്ചാണു കന്നി അയ്യപ്പൻമാർ പേട്ട തുള്ളുന്നത്. വനത്തിൽ നിന്നു പാണൽ ഇലകളും എത്തിക്കൊണ്ടിരിക്കുന്നു. പേട്ടതുള്ളൽ പാതയിലെ ഹൈലൈറ്റ് ആയ സ്റ്റുഡിയോകൾ പൂങ്കാവനത്തിന്റെയും മറ്റും സെറ്റിട്ട് തീർഥാടകരെ ആകർഷിക്കാൻ പാകമാക്കിയിരിക്കുന്നു. സെറ്റിൽ വനപ്രതീതിക്കായി പുലി, ആന, കടുവ എന്നിവയുടെ പ്രതിമകൾ സ്ഥാപിച്ചിട്ടുണ്ട്


                                                                                  ( manoramaonline.com)

No comments: