Tuesday, November 15, 2016



ശബരിമല തീർഥാടനം: മെഡിക്കൽ കോളജിൽ മുഴുവൻ സമയ കൺട്രോൾ മുറി നാളെ മുതൽ




കോട്ടയം ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്ന ശബരിമല തീർഥാടകരുടെ സേവനങ്ങൾക്കായി റവന്യു വകുപ്പ് മുഴുവൻ സമയ കൺട്രോൾ മുറി തുറക്കുന്നു. നാളെ മുതൽ കൺട്രോൾ മുറി പ്രവർത്തിക്കും. രണ്ടു റവന്യു ജീവനക്കാർ വീതം മണ്ഡലകാലം മുഴുവൻ മൂന്നു ഷിഫ്റ്റുകളിലായി 24 മണിക്കൂറും ആശുപത്രിയിൽ സേവനത്തിനുണ്ടാകും. ഇത്തരത്തിൽ സേവനം ചെയ്യുന്ന 100 റവന്യു ജീവനക്കാരുടെ പരിശീലന പരിപാടി കഴിഞ്ഞ ദിവസങ്ങളിൽ നടന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടുന്ന ശബരിമല തീർഥാടകരുടെ വിവരങ്ങൾ, ധനസഹായം, രോഗസ്ഥിതി, ഇവർക്കു ലഭിക്കുന്ന സേവനങ്ങൾ, സന്നദ്ധ സംഘടനകളുടെ ഏകോപനം എന്നിവയാണു റവന്യു വിഭാഗം കൺട്രോൾ റൂം നിർവഹിക്കുകയെന്നു തഹസിൽദാർ അനിൽ ഉമ്മൻ അറിയിച്ചു.

60 കിടക്കകളുള്ള പുതിയ വാർഡും 18 കിടക്കകളുള്ള തീവ്രപരിചരണ വിഭാഗവുമാണ് ഇത്തവണ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശബരിമല തീർഥാടകർക്കായി സജ്ജമാക്കിയിട്ടുള്ളത്. ആദ്യമായിട്ടാണു ശബരിമല തീർഥാകർക്കായി ഇത്രയും സജ്ജീകരണങ്ങൾ ഒരുക്കുന്നതെന്നു തഹസിൽദാർ അറിയിച്ചു. സേവാഭാരതിയുടെ നേതൃത്വത്തിൽ തീർഥാടകർക്ക് എല്ലാ സേവനങ്ങളും ലഭ്യമാക്കുന്നുണ്ട്. ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, ആർഎംഒ ഡോ. ആർ.പി. രഞ്ജിൻ, തഹസിൽദാർ അനിൽ ഉമ്മൻ, അഡീഷനൽ തഹസിൽദാർ അലക്സ് ജോസഫ് എന്നിവരാണു മെഡിക്കൽ കോളജിലെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്

                                                                                      ( manoramaonline.com)

No comments: