Wednesday, November 16, 2016


ഒരുമയുടെ ശരണാരവം...

Read more at: http://localnews.manoramaonline.com/kottayam/features/kottayam-sarakkolu.html

ഒരുമയുടെ ശരണാരവം
സീസൺ! ആ വാക്കിൽത്തന്നെ എല്ലാമുണ്ട്. സീസൺ എന്ന ഇംഗ്ലിഷ് വാക്ക് വ്യാപകമാകുന്നതിനു മുൻപ് എരുമേലിയിൽ മണ്ഡല–മകരവിളക്കു കാലം അയ്യപ്പൻകോള് എന്നാണ് അറിയപ്പെട്ടിരുന്നത്.

പാണലും കമ്യൂണിസ്റ്റ് പച്ചയും കാടിറങ്ങിത്തുടങ്ങി. തായ്ത്തടികൾനിർത്തി ശിഖരങ്ങൾ നാട്ടിലേക്ക് അയയ്ക്കുന്നതിന്റെ ഒച്ചപ്പാടുകൾ വനത്തിൽ കേൾക്കാം. എരുമേലി പട്ടണം നഗരമായി മാറുന്ന മണ്ഡല–മകരവിളക്കു സീസണിൽ ആർക്കും വേണ്ടാത്ത കാട്ടുപൊന്തകൾക്കു പോലും ‘പൊന്നുംവില’.

സീസൺ! ആ വാക്കിൽത്തന്നെ എല്ലാമുണ്ട്. എരുമേലി പട്ടണം ആ പദം ഉപയോഗിക്കുന്നതിന് അർഥതലങ്ങൾ പലതാണ്. സീസൺ എന്ന ഇംഗ്ലിഷ് വാക്ക് വ്യാപകമാകുന്നതിനു മുൻപു മണ്ഡല–മകരവിളക്കു കാലം എരുമേലിയിൽ അയ്യപ്പൻകോള് എന്നാണ് അറിയപ്പെട്ടത്. എന്നുവച്ചാൽ കഷ്ടതകളുടെ പത്തു മാസങ്ങൾക്കുശേഷം കച്ചവടം ചെയ്തു പത്തുകാശ് ഉണ്ടാക്കുന്ന സമയമെന്നു പാഠഭേദം.   

പാണൽ ∙ പാണലില്ലെങ്കിൽ പേട്ടതുള്ളലില്ല. പണ്ടുകാലത്തു നവജാത ശിശുക്കളെ കുളിപ്പിക്കാൻ ഉപയോഗിക്കുന്നതു പാണൽ ഇലയിട്ടു തിളപ്പിച്ച വെള്ളമായിരുന്നു. വീട്ടിലെ അംഗം ഉരിയാടാതെ പോയി പാണൽ ഇല പറിച്ചുകൊണ്ടു വരണം. പക്ഷേ, സീസണിൽ പാണൽ ഇല പറിക്കാൻ നാട്ടുകാർ പോകുന്നതു കൂട്ടുകൂടിയും കാടിളക്കിയുമാണ്. പണ്ട് തലച്ചുമടായി പേട്ടയിൽ എത്തിക്കും. ഇപ്പോൾ പെട്ടിഓട്ടോയിലെത്തും. ഈ പാണൽ ഇലകൾ ഉയർത്തിപ്പിടിച്ചു തീർഥാടകർ പേട്ട തുള്ളും. ഒടുവിൽ വലിയമ്പലത്തിന്റെ മുഖവാരത്തു നിക്ഷേപിക്കും.

മറ്റന്നൂർക്കര ഗ്രാമം ∙ തീരെചെറിയ ഈ ഗ്രാമത്തിനു മണ്ഡല–മകരവിളക്കു സീസണിൽ മറ്റൊരു പരിവേഷമാണ്. കമ്യൂണിസ്റ്റ് പച്ചയുടെ കമ്പുകൾ തൊലിയുരിഞ്ഞ നിലയിൽ മൈതാനത്തു വെയിൽ കൊണ്ടു പുളയുന്നതു കാണണമെങ്കിൽ മറ്റന്നൂർക്കരയിലെത്തിയാൽ മതി. വെയിലിൽ പതംവരുന്ന ആ കമ്പുകളിൽ നിറങ്ങളും തൂവലുകളും കൊണ്ട് അണിയിച്ചൊരുക്കിയാൽ ശരക്കോലെന്നു പേരായി.  പേട്ട തുള്ളിയ അയ്യപ്പൻമാർ ശരക്കോൽ ശരംകുത്തിയിലാണു നിക്ഷേപിക്കുക. ശരക്കോലില്ലാതെ കന്നി അയ്യപ്പൻ പേട്ടതുള്ളാൻ പാടില്ല.

ശുചിമുറികൾ ∙ കേരളത്തിലെ ഒരു ഇടത്തരം പട്ടണത്തിലും ഇത്രയും ശുചിമുറികൾ ഇല്ല. സീസണിൽ അവയെല്ലാം തുറക്കും. പോരാത്തതിനു താൽക്കാലിക ശുചിമുറികളും നിർമിക്കും. എരുമേലി പഞ്ചായത്തിൽ തീർഥാടകർക്കു വേണ്ടിയുള്ള ശുചിമുറികൾ മൂവായിരത്തിൽ കുറയില്ല. എവിടെ നോക്കിയാലും ശുചിമുറിയുടെ ഭാഷാഭേദങ്ങൾ വലിയ ബോർഡിൽ എഴുതിവച്ചിരിക്കുന്നതു കാണാം. (അഭംഗിയായതിനാൽ ഇത്ര വലുപ്പത്തിൽ എഴുതേണ്ടെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് ഇത്തവണ കരാറുകാർക്കു കർശനനിർദേശം കൊടുത്തിട്ടുണ്ട്.)

ചെണ്ടയും തകിലും ∙ തുടർച്ചയായി രണ്ടുമാസം രാപകൽ ചെണ്ടയടി കേൾക്കുന്ന ഏകപട്ടണമാണ് എരുമേലി. മണ്ഡലപൂജയ്ക്കു നട അടയ്ക്കുന്ന ദിവസം മാത്രം ചെണ്ടയ്ക്ക് അവധികിട്ടും. കഴിഞ്ഞവർഷം നാസിക് ധോൽ പേട്ടതുള്ളലിൽ ഇടംപിടിച്ചതോടെ ചെണ്ടയുടെയും തകിലിന്റെയും ‘കുത്തക’ തകർന്നു.

പുലിയും ആനയും ∙സ്റ്റുഡിയോകളിൽ സെറ്റ് ഇട്ടിരിക്കുന്നതു കണ്ടാൽ എരുമേലിയിൽ പുലിയും ആനയുമൊക്കെ ഇറങ്ങിയോ എന്നു തോന്നിപ്പോകും. പുലിപ്പുറത്തു കയറിയിരുന്നു ഫോട്ടോ എടുക്കാൻ പറ്റുന്ന സ്റ്റുഡിയോകളുള്ള പട്ടണമാണ് എരുമേലി. സീസൺ കഴിയുന്നതോടെ കയ്യും കാലുമൊക്കെ ഒടിഞ്ഞു വെളിമ്പറമ്പുകളിൽ കിടക്കുന്ന അവയെ വീണ്ടും എഴുന്നേൽ‌പിച്ചു സ്റ്റുഡിയോയിൽ എത്തിക്കാൻ ചിലപ്പോൾ ക്രെയിൻ തന്നെ വേണ്ടിവരുമെന്നു മാത്രം. അതേ, വൃശ്ചികം തുടങ്ങുമ്പോൾ അടിമുടി മാറുന്ന പട്ടണത്തെ എരുമേലി എന്നു വിളിക്കാം
                                                                                         
                                                                                        ( manoramaonline.com)
                                                                          

No comments: