Tuesday, November 15, 2016


ശബരിമല തീർഥാടനം





കോട്ടയം ∙ പമ്പ പ്രത്യേക സർവീസുകൾ കെഎസ്ആർടിസി ഇന്ന് ആരംഭിക്കും. പരിമിതികൾക്കു നടുവിലും വിപുലമായ ക്രമീകരണങ്ങളാണു ഡിപ്പോയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ 25 ബസുകളാണു പമ്പ പ്രത്യേക സർവീസ് നടത്തുന്നത്. വിവിധ ഡിപ്പോകളിൽ നിന്നുള്ള ബസുകൾ‌ ഇതിനായി ഡിപ്പോയിൽ എത്തിച്ചുകൊണ്ടിരിക്കുന്നു. കാസർകോട് ഡിപ്പോയിൽ നിന്നുള്ള രണ്ടു ബസുകൾ ഇന്നലെത്തന്നെ എത്തി. തിരക്ക് ഏറുന്നതിന് അനുസരിച്ച് രണ്ടാം ഘട്ടത്തിൽ 11 ബസുകളും മൂന്നാംഘട്ടത്തിൽ 39 ബസുകളും പ്രത്യേക സർവീസിനായി എത്തിക്കും. ആദ്യഘട്ടത്തിൽ വോൾവോ എസി ബസുകൾ സർവീസ് നടത്തില്ല. തിരക്കനുസരിച്ചു പിന്നീട് വോൾവോ എസി ബസുകളും പമ്പ പ്രത്യേക സർവീസിൽ ഉൾപ്പെടുത്തും.

കെഎസ്ആർ‌ടിസി, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നാണു സർവീസ് ആരംഭിക്കുന്നത്. സീറ്റ് നിറയുന്നതനുസരിച്ചാണു ബസ് പുറപ്പെടുക. റെയിൽവേ സ്റ്റേഷനു സമീപം അഞ്ചു ബസുകൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യമാണുള്ളത്. ഇതിനാൽ തിരക്കേറുന്നതിന് അനുസരിച്ചു കൂടുതൽ ബസുകൾ ഡിപ്പോയിൽ നിന്നു റെയിൽവേ സ്റ്റേഷനിൽ എത്തി സർവീസ് ആരംഭിക്കും. കെഎസ്ആർ‌ടിസി, റെയിൽവേ സ്റ്റേഷൻ എന്നിവയ്ക്കു പുറമേ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ നിന്നും എല്ലാ ദിവസവും ദീപാരാധനയ്ക്കുശേഷം രാത്രി 7.30നു പുതുപ്പള്ളി, കറുകച്ചാൽ വഴി എരുമേലി പരമ്പരാഗത പാതയിൽ പ്രത്യേക സർവീസ് ഉണ്ടായിരിക്കും.

ഇൗ സർവീസ് നാളെ ആരംഭിക്കും. കോട്ടയത്തു നിന്നു പമ്പയിലേക്ക് 84 രൂപയാണു ഫാസ്റ്റ് പാസഞ്ചർ ബസുകളിലെ ടിക്കറ്റ് നിരക്ക്. സ്റ്റാൻഡിന്റെ തെക്കു ഭാഗത്ത് അയ്യപ്പന്മാർക്കായി വിരിപ്പന്തൽ ഒരുക്കിയിട്ടുണ്ട്. ഇവിടെ നൂറോളം അയ്യപ്പൻമാർക്ക് ഒരേസമയം വിരിവയ്ക്കുന്നതിനുള്ള സൗകര്യമുണ്ട്. റെയിൽവേ സ്റ്റേഷനിലും അയ്യപ്പഭക്തർക്കായി വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തിരക്കനുസരിച്ചു കൂടുതൽ ടിക്കറ്റ് കൗണ്ടറുകൾ ആരംഭിക്കുമെന്നു റെയിൽവേ അധികൃതർ അറിയിച്ചു. തിരക്കു മുന്നിൽകണ്ട് റെയിൽവേ സംരക്ഷണസേന നിലവിലുള്ള സേനാംഗങ്ങൾക്കു പുറമെ 35 സേനാംഗങ്ങളെക്കൂടി അധികമായി നിയോഗിച്ചു.

തിരക്കു കണക്കിലെടുത്തു കേരള പൊലീസും കൂടുതൽ പൊലീസുകാരെ റെയിൽവേ സ്റ്റേഷനിൽ നിയോഗിക്കും. തീർഥാടകർക്കു സഹായം നൽകുന്നതിനായി ആരോഗ്യവകുപ്പും സഹായകേന്ദ്രം തുറക്കും. സ്റ്റേഷനിലെത്തുന്ന അയ്യപ്പന്മാർക്കായി ഓട്ടോ ടാക്സി യൂണിയനുകൾ സംയുക്തമായി പ്രീപെയ്ഡ് കൗണ്ടർ ഏർപ്പെടുത്തിയിട്ടുണ്ട്. അന്യ സംസ്ഥാനത്തു നിന്ന് എത്തുന്ന അയ്യപ്പന്മാരെ അനധികൃത ഓട്ടോ ടാക്സി ഡ്രൈവർമാർ ചൂഷണം ചെയ്യാതിരിക്കാനായി കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നു പമ്പയിലേക്കും എരുമേലിയിലേക്കുമുള്ള അംഗീകൃത ടാക്സി നിരക്കുകൾ ജില്ലാ ഭരണകൂടം പുറത്തിറക്കി

                                                                                          ( manoramaonline.com)

No comments: