Tuesday, November 22, 2016



എരുമേലിയും മുക്കൂട്ടുതറയും ഭക്തജന തിരക്കിൽ


എരുമേലിമണ്ഡലകാലം ഒരാഴ്ചയിലെത്തി നിൽക്കെ എരുമേലി, മുക്കൂട്ടുതറ പട്ടണങ്ങൾ തിരക്കിലമർന്നു. ഞായർ ഉച്ചയോടെ ആരംഭിച്ച തിരക്ക് ഇന്നലെ വൈകിയും തുടരുകയാണ്. കാനനപാതയിലും തീർഥാടകപ്രവാഹം. എരുമേലി പട്ടണത്തിൽ ഇന്നലെ എത്തിയതു ലക്ഷക്കണക്കിനു തീർഥാടകർ. ഇവരിൽ ഏറിയ പങ്കും തമിഴ്നാട്ടിൽ നിന്നുള്ളവരായിരുന്നു. കേരളത്തിന്റെ വടക്കൻ ജില്ലകളിൽ നിന്നും വൻതീർഥാടക പ്രവാഹമാണ്. പട്ടണത്തിൽ ഇന്നലെ ഇടതടവില്ലാതെ പേട്ടതുള്ളൽ നടന്നു. മേളങ്ങൾ നിലച്ചതേയില്ല. ഹോട്ടലുകളിലും പേട്ടതുള്ളൽ സാമഗ്രികൾ വിൽക്കുന്ന കടകളിലും നല്ല തിരക്ക് അനുഭവപ്പെട്ടു. മുക്കൂട്ടുതറ പട്ടണത്തിൽ തീർഥാടക വാഹനങ്ങളുടെ പെരുക്കത്തോടെ വൻഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

മുക്കൂട്ടുതറ ടൗൺ മുതൽ മുപ്പത്തഞ്ച് ഭാഗം വരെ കഴിഞ്ഞ ദിവസം ഉണ്ടായ കുരുക്ക് അരമണിക്കൂറിലേറെ നീണ്ടു. കാനനപാതയിലും നല്ല തിരക്കായി. മുൻവർഷങ്ങളിൽ നിന്നു വ്യത്യസ്തമായി ഇത്തവണ സീസൺ തുടക്കത്തിൽത്തന്നെ പരമ്പരാഗത കാനനപാതയിലൂടെ ആയിരക്കണക്കിനു തീർഥാടകരാണു കടന്നു പോവുന്നത്. കറൻസി ക്ഷാമത്തെ തുടർന്ന് സീസൺ ദുർബലമാവുമോ എന്ന ആശങ്കയിലായിരുന്നു കച്ചവടക്കാർ. എന്നാൽ ഇതര സംസ്ഥാനങ്ങളിൽ നിന്നു തീർഥാടകർ കൂട്ടമായി എത്തിയതോടെ കറൻസി പ്രശ്നം കാര്യമായി പരിഹരിക്കപ്പെട്ടു. നൂറിന്റെ നോട്ടുകൾ യഥേഷ്ടം തീർഥാടകരിൽ നിന്നു ലഭിച്ചതോടെ ചില്ലറ ക്ഷാമവും ഇല്ലാതായി. ചെറിയ സംഖ്യയുടെ നോട്ടുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. പേട്ടതുള്ളലിന് ആവശ്യമായ വിവിധ വസ്തുക്കൾക്ക് നൂറുരൂപയിൽ താഴെ മാത്രമാണ് തുകയെന്നതാണ് ചില്ലറ നോട്ടുകളുടെ വ്യാപനത്തിന് ഇടയാക്കിയത്
                                                                                                                              manoramaonline.com

No comments: